തങ്കത്തെരുവീഥിയിൽ നാം

തങ്കത്തെരുവീഥിയിൽ നാംനടന്നിടുംനേരം ഹാ!

തമ്പുരാന്റെ തങ്കമുഖശോഭ കാണും നാം

എന്തൊരു മോഹനം ആ ദിവ്യദർശനം

ചിന്തയ്ക്കതീതമാം കോൾമയിർ കൊണ്ടിടും

തങ്കമേനി തന്നിൽ ബഹുപാടുകളും കണ്ടിടും

പങ്കമകറ്റുവാനേറ്റ ഘോരദണ്ഡനം

 

ദിവ്യവിളികേട്ടു വന്ന ശുദ്ധന്മാരെ കാണും നാം

ദിവ്യഭൂവിൽ തേജസ്സായിട്ടെന്നുമെന്നുമേ

തംബുരുമീട്ടിയും തപ്പുകൾ കൊട്ടിയും

അൻപു പൊഴിക്കുന്ന ഗാനങ്ങൾ പാടിയും

നിത്യമായി നൃത്തമവർ ചെയ്തു കൊണ്ടുമുത്തിടും

നിത്യരക്ഷിതാവിന്നുടെ പാദപത്മങ്ങൾ

 

രക്ഷയ്ക്കായി കാംക്ഷിക്കുന്നവരെ വിളിച്ചിടുന്നു

രക്ഷകനാമേശുവല്ലാതാരുമല്ലത്

സന്തോഷമോടതു കേൾക്കുമോ സോദരാ

സന്തതം മേവിടാം താതന്റെ സന്നിധൗ

സത്യനീതി പാതയവൻ നിത്യരക്ഷിതാവും താൻ

നിത്യരക്ഷ നിനക്കിന്നു സാദ്ധ്യമാകുമേ.