ഉഷഃകാലം നാം എഴുന്നേൽക്കുക

ഉഷഃകാലം നാം എഴുന്നേൽക്കുക പരനേശുവെ സ്തുതിപ്പാൻ

ഉഷഃകാലം എന്താനന്ദം നമ്മൾ പ്രിയനോടടുത്തിടുകിൽ

 

ഇതുപോലൊരു പ്രഭാതം നമുക്കടുത്തിടുന്നു മനമേ

ഹായെന്താനന്ദം നമ്മൾ പ്രിയനാശോഭ സൂര്യനായ് വരുമ്പോൾ

 

നന്ദിയാലുള്ളം തുടിച്ചിടുന്നു തള്ളയാമേശു കാരുണ്യം

ഓരോന്നോരോന്നായ് ധ്യാനിപ്പാനിതു നല്ല സന്ദർഭമാകുന്നു

 

ഇന്നലെ ഭൂവിൽ പാർത്തിരുന്നവരെത്ര പേർ ലോകം വിട്ടുപോയ്!

എന്നാലോ നമുക്കൊരു നാൾകൂടെ പ്രിയനെ പാടി സ്തുതിക്കാം

 

നഗ്നനായി ഞാൻ ലോകത്തിൽ വന്നു നഗ്നനായ്ത്തന്നെ പോകുമെ

ലോകത്തിലെനിക്കില്ല യാതൊന്നും എന്റെ കൂടന്നു പോരുവാൻ

 

ഹാ! എൻപ്രിയന്റെ പ്രേമത്തെയോർത്തിട്ടാനന്ദം, പരമാനന്ദം!

ഹാ! എൻപ്രിയനാ പുതുവാന ഭൂദാനം ചെയ്തതെന്താനന്ദം!

 

മരുവിൽ നിന്നു പ്രിയന്മേൽ ചാരി വരുന്നോരിവളാരുപോൽ

വനത്തിൽകൂടെ പോകുന്നേ ഞാനും സ്വന്തരാജ്യത്തിൽ ചെല്ലുവാൻ

 

കൊടുങ്കാറ്റുണ്ടീ വനദേശത്തെൻ പ്രിയനേ എന്നെ വിടല്ലേ

കൊതിയോടു ഞാൻ വരുന്നേയെന്റെ സങ്കടമങ്ങു തീർക്കണേ.