വാഴ്ത്തുമെന്നും പരമേശനെ അവന്റെ സ്തുതി
പാർക്കുമെന്നും എന്റെ നാവിന്മേൽ
പാർത്തലത്തിൽ വസിക്കും നാളാർത്തി
പാരമണഞ്ഞാലും
കീർത്തനം ചെയ്യുമെന്നും തൻ
ശ്രേഷ്ഠനാമത്തെ മുദാ ഞാൻ
ചിന്തനകളാകെ വെടിഞ്ഞു പരവിധിപോൽ
സന്തതം ഞാൻ സ്വൈരമടഞ്ഞും
കാന്തനാമാവന്റെ ചൊല്ലിൽ
ശാന്തമാം മൊഴി തിരഞ്ഞും
സ്വാന്തമാവിയാൽ നിറഞ്ഞും
തൻതിരുനാമമറിഞ്ഞും
പർവ്വതങ്ങൾ കുന്നുകളിവയെനിക്കു രക്ഷ
നൽകുകില്ലായതിലില്ല ഞാൻ
വിശ്രമിപ്പാൻ തക്കതൊന്നും
വിശ്വസിപ്പാൻ തക്കവണ്ണം
നിശ്വസിക്കപ്പെട്ട സത്യം
ആശ്വസിപ്പിക്കുന്നു നിത്യം
തങ്കലേക്കു നോക്കിയോർകളെ വിടാതവന്റെ
തങ്കമുഖം ശോഭയേകുന്നു
ശങ്കലേശം ഭവിക്കാത-
തങ്കമാകെയകന്നെന്നും
തൻ കുരിശിൽ ജയത്താലാ
ധന്യരെന്നും വസിക്കുന്നു
ബാലസിംഹങ്ങൾ കരയുന്നു വിശക്കവേ തൻ
ബാലകരോ പാട്ടുപാടുന്നു
പാലനമവർക്കു സാലേം നാഥനന്നറിഞ്ഞിരിക്കേ
മേലിനിയവർക്കു ലവലേശവുമാകുലമില്ല
തന്നിലൻപുള്ള തൻ മക്കൾക്കു വരുവതെല്ലാം
നന്മയായവർ കരുതുന്നു
ഒന്നിലുമവർ മനം തളർന്നവശരായിടാതെ
മന്നവനെ നോക്കിയവരെന്നുമാനന്ദിച്ചിടുന്നു.