വന്ദനം യേശുപരാ! നിനക്കെന്നും

വന്ദനം യേശുപരാ! നിനക്കെന്നും

വന്ദനം യേശുപരാ!

വന്ദനം ചെയ്യുന്നു നിന്നടിയാർ തിരു

നാമത്തിന്നാദരാവായ്

 

ഇന്നു നിൻ സന്നിധിയിൽ അടിയാർക്കു

വന്നു ചേരുവതിന്നായ്

തന്ന നിന്നുന്നതമാം കൃപയ്ക്കഭി

വന്ദനം ചെയ്തിടുന്നു

 

നിൻ രുധിരമതിനാൽ പ്രതിഷ്ഠിച്ച

ജീവപുതുവഴിയായ്

നിന്നടിയാർക്കു പിതാവിൻ സന്നിധൗ

വന്നിടാമെ സതതം

 

ഇത്രമഹത്വമുള്ള പദവിയെ

ഇപ്പുഴുക്കൾക്കരുളാൻ

പാത്രതയേതുമില്ല നിന്റെ കൃപ-

യെത്ര വിചിത്രമഹോ!

 

വാനദൂതഗണങ്ങൾ മനോഹര

ഗാനങ്ങളാൽ സതതം

ഊനമെന്യേ പുകഴ്ത്തി സ്തുതിക്കുന്ന

വാനവനേ നിനക്കു

 

മന്നരിൽ മന്നവൻ നീ

മനുകുലത്തിന്നു രക്ഷാകരൻ നീ

മിന്നും പ്രഭാവമുള്ളോൻ പിതാവിന്നു

സന്നിഭൻ നീയല്ലയോ

 

നീയൊഴികെ ഞങ്ങൾക്കു സുരലോകെ

യാരുള്ളു ജീവനാഥാ!

നീയൊഴികെയിഹത്തിൽ മറ്റാരുമി-

ല്ലാഗ്രഹിപ്പാൻ പരനേ!