വരുവിൻ! യേശുവിന്നരികിൽ

വരുവിൻ! യേശുവിന്നരികിൽ

എത്രനല്ലവൻ താൻ രുചിച്ചറികിൽ

വരുവിൻ! കൃപകൾ പൊഴിയും

കുരിശിന്നരികിൽ

 

കൃപമേൽ കൃപയാർന്നിടുവാൻ

നിങ്ങൾ പരമപദം ചേർന്നിടുവിൻ

ധരയിൽ നടന്ന തൻചരണം

നിങ്ങൾക്കരുളും ശാശ്വതശരണം

അല്ലും പകലും മുന്നിൽ

നിൽപ്പവൻ തുണയായ്

 

പരിശോധനകൾ വരികിൽ

മനം പതറാതാശ്രയിച്ചിടുവിൻ

ബലഹീനതയിൽ കവിയും

കൃപമതിയെന്നാശ്വസിച്ചിടുവിൻ

വിരവിൽ വിനകൾ തീരും സകലവും ശുഭമാം

 

സ്നേഹിതരേവരും വെടിഞ്ഞാൽ

അതു യേശുവിനോടു നീ പറഞ്ഞാൽ

സ്നേഹിതരില്ലാക്കുരിശിൽ

പെട്ടപാടുകളെഴും തൻകരത്താൽ

നന്നായ് നടത്തും വീട്ടിൽ ചേരും വരെയും

 

ഒരുനാൾ നശ്വരലോകം

വിട്ടുപിരിയും നാമതിവേഗം

അങ്ങേക്കരയിൽ നിന്ന്

നമ്മൾ നേടിയതെന്തെന്നെണ്ണും

ലോകം വെറുത്തോർ വില

നാമന്നാളറിയും.