വെളിച്ചത്തിൻ കതിരുകൾ

വെളിച്ചത്തിൻ കതിരുകൾ

വിളങ്ങുമീ സമയത്തു

വെളിച്ചമാം യഹോവയെ

സ്തുതിക്കണമവൻ ജനം

 

ഇരുട്ടൊഴിഞ്ഞവനിയിൽ

തിളക്കമിങ്ങുദിക്കുന്നു

വെളിച്ചമാം മശീഹയീ

വിധം നമ്മിലുദിക്കണം

 

തിരുമുഖമതിൻ പ്രഭ

തെളിവോടു വിലസുമ്പോൾ

ഇരുളിന്റെ പ്രവൃത്തികൾ

മറവിടം തിരക്കിടും

 

തിരുമൊഴി ദിവസവും

പുതിയതായ് പഠിക്കുകിൽ

ശരിവരെ വഴി തെറ്റാ-

തിരുന്നിടാമസംശയം

 

ദിനമതിൻ തുടസ്സത്തിൽ

മനുവേലിൻ മുഖാംബുജം

ദരിശിച്ച നരനൊരു

ദുരിതവും വരികില്ല

 

മനമതി തെളിവിനോ-

ടിരുന്നിടും സമാധാനം

ദിവസത്തിന്നൊടുവോളം

ഭരിച്ചിടും മനസ്സിനെ

 

സമസ്തമാം പരീക്ഷയും

ജയിച്ചിടാം കൃപാമുലം

ഒരിക്കലുമിളകാത്ത

പുരമതിൽ കടന്നിടാം

 

ഗതിയില്ലാ ജനങ്ങളിൽ

കനിയുന്ന മഹേശനേ!

കരം പിടിച്ചന്നെ തിരു

വഴികളിൽ നടത്തുക.

Your encouragement is valuable to us

Your stories help make websites like this possible.