യാഹ്വെ സ്തുതിപ്പിനവൻ

യാഹ്വെ സ്തുതിപ്പിനവൻ ശുദ്ധമാം മന്ദിരത്തിൽ

ആഹ്വാനം ചെയ്തു നുതി ഘോഷിപ്പിൻ

വൈഹായസ വിതാന ഭംഗി പരിഗണിച്ചു

മഹേശ്വര സ്തുതികൾ ചെയ്തിടിൻ

 

തുല്യമില്ലാത്ത തന്റെ വീര്യപ്രവൃത്തി വാഴ്ത്തി

ഭൂലോകമെങ്ങും പൊടി പാറിടിൻ

കല്ലോലമാലിയോടു സോല്ലാസമിബ്ഭുവനം

തുള്ളിക്കളിച്ചിടുമാറെന്നാളും

 

നിസ്സീമമായ തന്റെ തേജസ്സിനൊത്തവണ്ണം

സൽസേവിതന്നു നുതി പാടിടിൻ

സുശ്രാവ്യമായ വെള്ളിക്കാഹളധ്വനിയോടു

ശാശ്വതനായകനെ വന്ദിപ്പിൻ

 

പൊൻമയമായ വീണക്കമ്പികൾ മീട്ടി യാഹിൻ

കർമ്മമഹിമയെങ്ങും ഘോഷിപ്പിൻ

നിർമ്മലഭക്തിയോടു തന്നെ വണങ്ങിടുവിൻ

ധർമ്മസ്വരൂപഭംഗി കാണിപ്പിൻ

 

സത്യേശ്വരന്നു മുമ്പിൽ നൃത്തം തുടങ്ങിടുവിൻ

തപ്പോടു കിന്നരങ്ങൾ വായിപ്പിൻ

കൈത്താളനാദമഭ്രേ ശക്ത്യാമുഴങ്ങിടട്ടെ

സാത്താൻ നടുങ്ങിടട്ടെ ഹോശന്നാ

 

സർവ്വേശ്വരന്റെ കൃപയുർവ്യാമനുഭവിക്കും

ഗർവ്വമകന്ന ജീവി സംഘാതം

സർവ്വമവന്നു ജയം പാടട്ടെ ഹല്ലെലുയ്യാ

ദുർവ്വാരഘോഷമുയർന്നിടട്ടെ.