യഹോവ എത്ര നല്ലവൻ

യഹോവ എത്ര നല്ലവൻ

തൻ ആശ്രിതർക്കെല്ലാം

മാറാത്ത മഹാവിശ്വസ്തൻ

താൻ നിത്യപാറയാം

 

വിശുദ്ധി തൻ സിംഹാസനം

നീതിയും തൻ ചെങ്കോൽ

തൻ നിത്യ പ്രീതി വാത്സല്യം

മഹാസമുദ്രം പോൽ

 

ക്രിസ്തേശുവിൽ തൻ നിയമം

നമ്മോടു സ്ഥാപിച്ചു

സമ്പൂർണ്ണപാപമോചനം

നൽകാൻ പ്രസാദിച്ചു

 

താൻ ഉന്നതത്തിൽ വാഴുന്നു

രാജാധിരാജാവായ്

പാതാളത്തോളം താഴുന്നു

തൻഭക്തർ രക്ഷയ്ക്കായ്

 

നേരുള്ളവരിൻ രക്ഷകൻ

അനാഥർക്കും പിതാ

വിശുദ്ധന്മാരിൻ സ്നേഹിതൻ

ഇതത്രേ യഹോവാ

 

ദുഃഖങ്ങളിൽ ആശ്വാസങ്ങൾ

ആരോഗ്യം രോഗത്തിൽ

ആത്മാവിൽ ദിവ്യോല്ലാസങ്ങൾ

ഉണ്ട് യഹോവയിൽ

 

താൻ സർവ്വശക്തൻ ആകയാൽ

തൻമേൽ നാം ചാരുക

താൻ സത്യവാനായ് പാർക്കയാൽ

തന്നിൽ നാം തേറുക

 

ഈ ഭൂമിയിൽ സമാധാനം

സ്വർഗ്ഗീയ പൗരത്വം

യഹോവയിൻ കൃപാദാനം

തൻഭക്തർ ധന്യരാം

 

യഹോവ നാമമാഹാത്മ്യം

വർണ്ണിപ്പാൻ ആവില്ല

തനിക്കു നിത്യ വന്ദനം

സ്തുതിയും സർവ്വദാ.