യേശു മഹേശൻ ആശ്രിതർക്കെല്ലാം

യേശു മഹേശൻ ആശ്രിതർക്കെല്ലാം

ആശ്വാസമരുളാൻ വല്ലഭനല്ലോ

നാശത്തിന്നിരയായ് തീർന്നോരെയെല്ലാം

ഈശനിൻ രുധിരം വീണ്ടിടുമല്ലോ

 

മരണത്തിൻ ഭീകര വാഴ്ചയിൽ ലോകം

ശരണമില്ലാതെ വലയുവതെന്തേ?

കുരിശിലെ മരണം മൂലമിതാ വൻ-

നരകത്തിൻ ഭയമെല്ലാം അസ്തമിച്ചല്ലോ

 

ആശ്രയഹീനരായ് വലയുന്നോരേ

യേശുവിന്നരികേ അണയുക വേഗം

മറ്റൊരു മാർഗ്ഗം മന്നിതിലുണ്ടോ

മറ്റൊരു രക്ഷകൻ വന്നിട്ടുണ്ടോ

 

തന്നുടെ സന്നിധൗ വന്നിടുന്നോർക്കു

ഖിന്നത തീർന്നു മന്നിതിലെന്നും

മന്നവൻ പാദേ വീണു നമിക്കാം

പിന്നവൻ ചെയ്യും നന്മകളോതാം.