യേശുക്രിസ്തു ജീവിക്കുന്നു ഹല്ലേലുയ്യാ!

യേശുക്രിസ്തു ജീവിക്കുന്നു ഹല്ലേലുയ്യാ!

ഘോഷിപ്പിൻ ജയം! ജയം! ഹല്ലേലുയ്യാ!

 

ജീവന്റെ നായകനായ് വാഴുവാനായ്

ചാവിനെ ജയിച്ചോനു ഹല്ലേലുയ്യാ!

ദൈവത്തിൻ പുത്രനവനെന്നറിവാൻ

ഏവനും കഴിവിപ്പോൾ ഹല്ലേലുയ്യാ!

 

താഴുവാൻ കുരിശോളം വന്നവൻ താൻ

വാഴുന്നു ഹൃദയത്തിൽ ഹല്ലേലുയ്യാ!

പാഴാകും ഉള്ളത്തിൽ താൻ എഴുന്നള്ളുമ്പോൾ

മാറുന്നു ദുഃഖമെല്ലാം ഹല്ലേലുയ്യാ!

 

കേവലം പാപത്തിന്നു ചത്തവരായ്

മേവുക യേശുവിൽ നാം ഹല്ലേലുയ്യാ!

ദൈവത്തിൻ ഇഷ്ടത്തിന്നു ജീവിക്ക നാം

ജീവന്റെ പുതുക്കത്തിൽ ഹല്ലേലുയ്യാ!

 

യേശുവിൻ ഉയിർപ്പിനാൽ ജീവനുള്ളോർ

ആശയിൻ അംശികൾ നാം ഹല്ലേലുയ്യാ!

നാശവും മാലിന്യവും തൻ രാജ്യത്തിൽ

ലേശവും കാൺകയില്ല ഹല്ലേലുയ്യാ!

 

ഏദനിൽ ജീവവൃക്ഷം പോയതിനാൽ

ഖേദിക്ക വേണ്ടതെല്ലും ഹല്ലേലുയ്യാ!

ചേതം എന്നെണ്ണുക എല്ലാറ്റെയും നാം

നേടുവാൻ യേശുവിനെ ഹല്ലേലുയ്യാ!

 

ഇന്നും എന്നേക്കും യേശു മാറ്റംവിനാ

മിന്നും നീതിയെൻസൂര്യൻ ഹല്ലേലുയ്യാ!

വിണ്ണും ഈ മണ്ണും തൻ തൃപ്പാദത്തിങ്കൽ

വന്ദിക്കും ഭക്തിയോടെ ഹല്ലേലുയ്യാ!