യേശുനാഥാ നിൻ കൃപയ്ക്കായ്

യേശുനാഥാ നിൻ കൃപയ്ക്കായ്

സ്തോത്രമെന്നേക്കും

ഈശനെ നിൻ നാമമെന്റെ ക്ലേശമകറ്റും

 

നാശമയനായൊരെന്നിൽ ജീവനരുളാൻ വൻ

ക്രൂശിനെ സഹിച്ചപമാനം വഹിച്ചൊരു

 

പാവനമാം നീതിയിൽ ഞാനെന്നുമിരിപ്പാൻ നിന്റെ

ജീവനിലൊരംശമെനിക്കേകിയതിനാൽ

 

നിൻഹൃദയം തന്നിലെന്നെ മുൻകുറിച്ചൊരു

വൻകരുണയ്ക്കിന്നുമിവന്നർഹതയില്ലേ

 

തൻജഡ ശരീര മരണം നിമിത്തം നീ നിൻ

പിതാവോടെന്നെ നിരപ്പിച്ചതുമൂലം

 

എത്രകാലം നിൻ കൃപയെവ്യർത്ഥമാക്കി ഞാ-

നത്രനാളുമന്ധകാരം തന്നിലിരുന്നേൻ

 

ജീവലതയായ നിന്നിൽ ഞാൻ നിലനിൽപ്പാൻ നിന്റെ

ജീവരസമെന്നിലെന്നുംതന്നുപാലിക്ക

 

വിശ്രമദേശത്തിലീഞാനെത്തുംവരെക്കും നിന്റെ

വിശ്രുതകൃപകളെന്നെ പിന്തുടരേണം.