യേശുവെപ്പോലെ ആകുവാൻ

യേശുവെപ്പോലെ ആകുവാൻ

യേശുവിൻ വാക്കു കാക്കുവാൻ

യേശുവെ നോക്കി ജീവിപ്പാൻ

ഇവയെ കാംക്ഷിക്കുന്നു ഞാൻ

 

ഉറപ്പിക്കെന്നെ എൻനാഥാ!

നിറയ്ക്കയെന്നെ ശുദ്ധാത്മാ!

ക്രിസ്തൻ മഹത്വത്താലെ ഞാൻ

മുറ്റും നിറഞ്ഞു ശോഭിപ്പാൻ

 

ശൈശവ പ്രായവീഴ്ചകൾ

മോശെയാലുള്ള താഴ്ചകൾ

നീക്കുക എല്ലാം നായകാ!

ഏകുക നിൻ സമ്പൂർണ്ണത

 

പ്രാർത്ഥനയാൽ എപ്പോഴും ഞാൻ

ജാഗരിച്ചു പോരാടുവാൻ

നിന്റെ സഹായം നൽകുക

എന്റെ മഹാപുരോഹിതാ!

 

വാഗ്ദത്തമാം നിക്ഷേപം ഞാൻ

ആകെയെൻ സ്വന്തമാക്കുവാൻ

പൂർണ്ണപ്രകാശം രക്ഷകാ

പൂർണ്ണവിശ്വാസത്തെയും താ

 

ഭീരുത്വത്താൽ അനേകരും

തീരെ പിന്മാറി ഖേദിക്കും

ധീരത നൽകുകേശുവേ

വീരനാം സാക്ഷി ആക്കുകേ

 

വാങ്ങുകയല്ല ഉത്തമം

താങ്ങുക ഏറെ ശുദ്ധമാം

എന്നു നിന്നോടുകൂടെ ഞാൻ

എണ്ണുവാൻ ജ്ഞാനം നൽകണം

 

തേടുവാൻ നഷ്ടമായതും

നേടുവാൻ ഭ്രഷ്ടമായതും

കണ്ണുനീർവാർക്കും സ്നേഹം താ

വന്നു നിൻ അഗ്നി കത്തിക്ക

 

കഷ്ടതയിലും പാടുവാൻ

നഷ്ടമതിൽ കൊണ്ടാടുവാൻ

ശക്തിയരുൾക നാഥനേ!

ഭക്തിയിൽ പൂർണ്ണനാക്കുകേ

 

യേശുവിൻ കൂടെ താഴുവാൻ

യേശുവിൻ കൂടെ വാഴുവാൻ

യേശുവിൽ നിത്യം ചേരുവാൻ

ഇവയെ കാംക്ഷിക്കുന്നു ഞാൻ.