യേശുവിൽ സ്നേഹമുള്ള

യേശുവിൽ സ്നേഹമുള്ള സോദരരേ വരുവിൻ

കാണുവിൻ ദേവജാതൻ യോർദ്ദാൻ നദീജലത്തിൽ

നിമജ്ജനം കഴിപ്പാൻ വന്ന ചരിതമോർത്തിടുവിൻ

 

സ്നാപകയോഹന്നാനാൽ സ്നാനം പ്രതിഗ്രഹിപ്പാൻ

ഗാലീല്യനാട്ടിൽ നിന്നു ദൂരത്തു വന്നു നാഥൻ

നമുക്കു മാതൃകയാം തന്നെ തുടർന്നു പോകുക നാം

 

തന്നെത്തടയുന്നിതാ സ്നാപകൻ താഴ്മയോടെ

നിന്നാലടിയൻ സ്നാനമേൽക്കേണ്ടതായിരിക്കെ

അരുമനാഥനെ നീയെന്നരികിൽ വന്നിടുന്നോ

 

യേശു പറഞ്ഞുടനെ ദൈവികനീതികൾക്കു

സാഫല്യമേകിടുവാൻ ഞാനിങ്ങു വന്നിരിപ്പൂ

മറുത്തുചൊന്നിടാതെ സ്നാനം കഴിക്ക സമ്മതമായ്

 

യോഹന്നാനീവചനമംഗീകരിച്ചതിനാൽ

യേശു മുഴുകിയിതാ യോർദ്ദാൻ നദീജലത്തിൽ

കയറി യേശുനാഥൻ ദിവ്യമഹിമ പൂണ്ടവനായ്

 

വെള്ളിക്കു തോൽവി നൽകും വെള്ളത്തിരയ്ക്കടിയിൽ

കൊള്ളിച്ചു മുൻകഴിഞ്ഞ കൊല്ലങ്ങളാകെയവൻ

പുതിയവേല ചെയ്‌വാൻ താതനരുളി തന്നെയവൻ

 

ഒന്നാം മനുഷ്യനു നാം എന്നേക്കുമായ് മരിച്ചു

വെന്നുള്ള സത്യമഹോ കാട്ടുന്നു കർമ്മമിതു

പുതിയജീവനത്രേ മേലാൽ ഭരണം ചെയ്‌വു നമ്മെ

 

തന്നോടുകൂടി നാമും ഒന്നായ് മരിച്ചുയിർപ്പാൻ

ഒന്നാം മനുഷ്യനെ നാം യോസേഫിൻ കല്ലറയിൽ

പിടിച്ചു സംസ്കരിപ്പിൻ സ്നാനജലത്തിലാണിടുവിൻ

 

ഭൂമിയിൽ മൂവരല്ലോ സാക്ഷ്യം പറവതോർത്താൽ

ആത്മാവു വെള്ളമതും പിന്നീടു ശോണിതവും

ഇവയിൽ വെള്ളമത്രെ സാക്ഷ്യം വഹിപ്പതിസ്സമയെ

 

ജീർണ്ണമാം നാശജഡം ഭൗമിക കല്ലറയിൽ

സംസ്കാരം ചെയ്തു നമ്മൾ ധൂളിയായ്ത്തീർന്നിടുകിൽ

ഉയിർപ്പിൻകഞ്ചുകത്തെ നമ്മൾ ധരിക്കുമന്ത്യനാളിൽ.