ക്രിസ്തു മൂലം ദൈവ രാജ്യം

ക്രിസ്തു മൂലം ദൈവ രാജ്യം ലോകത്തിൽ പ്രത്യക്ഷമായ്
വിശ്വസിക്കത്തക്ക വാക്യം ഇത് സർവ മർത്യർക്കായ്

ദൈവരാജ്യം സമാധാനം സന്തോഷം അത് നീതിയും ശുദ്ധിയും
പുത്രൻ മൂലം സൌജന്യദാനം താഴ്മ-യുള്ളെല്ലാവർക്കും

സാത്താൻ രാജൻ സേവയിങ്കൽ ഇല്ലാ-യൊരു ലാഭവും
ആത്മനഷ്ടം ഇഹത്തിങ്കൽ പിന്നെ നിത്യശാപവും

ആദാം മൂലം വന്ന ശാപം പുത്രൻ മൂലം തീർന്നെല്ലാം
സർപ്പം ലോകം ജഡം പാപം ഇവയെല്ലാം ജയിക്കാം

പാപശക്തി അഴിഞ്ഞീടും പുത്രൻ രക്തശക്തിയാൽ
ഉള്ളമെല്ലാം നിറഞ്ഞീടും ദൈവാത്മാവിൻ സ്നേഹത്താൽ

രാജ്യക്കാരിൽ ഗുരുനാഥൻ അതു ദൈവാത്മാവു താൻ
യേശുവിലെ ജീവപാത ഏവനും കണ്ട-റിവാൻ

സത്യപ്രജകളെല്ലാരും രാജകീയകുലമാം
ദൈവ സന്നിധിയിൽ വാഴും ഇവർ പുരോഹിതന്മാർ

നിത്യജീവൻ ഇഹത്തിങ്കൽ ദേഹിക്കനുഭവം ആം
ദേഹം കർത്തൻ വരവിങ്കൽ പ്രാപിക്കും രൂപാന്തരം

തുറന്നിരിക്കുന്നു സ്വർഗ്ഗം താതനോടു അടുക്കാം
ദൈവദൂതന്മാരിൻ വർഗ്ഗം സേവക്കായോരുക്കമാം

ദൈവമേ നിൻ സ്വർഗ്ഗരാജ്യം വന്നതാലെ വന്ദനം
നിന്റെ ജനത്തിൻ സൌഭാഗ്യം പ-റഞ്ഞുതീരാത്തതാം