എന്തോരത്ഭുത പുരുഷൻ ക്രിസ്തു

എന്തോരത്ഭുത പുരുഷൻ ക്രിസ്തു

തന്റെ മഹിമ നിസ്തുലം

ഇത്രമഹാനായ് ഉത്തമനാകുമൊ-

രുത്തനെയുലകിൽ കാണുമോ!

 

ഉന്നത ദൈവനന്ദനനുലകിൽ

വന്നിതു കന്യാജാതനായ്

ഇന്നോളമൊരാൾ വന്നില്ലിതുപോൽ

തന്നവതാരം നിസ്തുലം

 

തല ചായ്പാനായ് സ്ഥലമില്ലാത്തോൻ

ഉലകമഹാന്മാർ മുമ്പിലും

തലതാഴ്ത്താതെ നിലതെറ്റാതെ

നലമൊടു ജീവിച്ചത്ഭുതം

 

കുരുടർ കണ്ടു, തിരുടർ വിരണ്ടു,

ശാന്തത പൂണ്ടുസാഗരം

തെല്ലിരകൊണ്ടു ബഹുജനമുണ്ടു,

മൃതരുയിർപൂണ്ടുക്രിസ്തനാൽ

 

കലുഷതലേശം കാണുന്നില്ലീ

മനുജനിലെന്നുര ചെയ്തു ഹാ!

മരണമതിൻ വിധിയെഴുതിയതിവനെ

പ്രതിമാത്രം ഭൂവിയത്ഭുതം

 

പാറ പിളർന്നു, പാരിളകുന്നു,

പാവനമൃതരുയിരാർന്നു ഹാ!

കീറുകയായ് തിരശ്ശീലയും തൻ മൃതി

നേരം സൂര്യനിരുണ്ടുപോയ്

 

ഭൂതലനാഥൻ തന്നുടെ മരണം

കാണുക ദുർവ്വഹമായതോ

ഭൂരിഭയം പൂണ്ടിളകുകയോയീ

പ്രകൃതികളഖിലമിതത്ഭുതം!

 

മൃതിയെ വെന്നവനുയിർത്തെഴുന്നേറ്റു

ഇതിനെതിരാരിന്നോതിടും?

ഹൃദിബോധം ലവമുള്ളോരെല്ലാം

അടിപണിയും തൻസന്നിധൗ

 

ഒലിവെന്നോതും മലയിൽനിന്നും

തിരുജനമരികിൽ നിൽക്കവേ

ചരണമുയർന്നു ഗഗനേ ഗതനായ്

താതന്നരികിലമർന്നു താൻ

 

ജയ ജയ നിസ്തുല ക്രിസ്തുരാജൻ

ജയ ജയ നിർമ്മലനായകൻ

ജയ ജയ ഘോഷം തുടരുക ജനമേ ജയം

തരും നാഥനു സ്തോത്രമേ.

Your encouragement is valuable to us

Your stories help make websites like this possible.