ശ്രീനരപതിയേ!

ശ്രീനരപതിയേ! സീയോൻ മണവാളനേ!

നാശപാത്രമായ ലോകമാകെയുദ്ധരിപ്പതിന്നു

കന്യകയിൽ ജാതനായ് വന്ന -ശ്രീനരപതിയേ

 

ആട്ടിയർ കൂട്ടമായി വന്നനേരം

കീറ്റുശീലയിൽ കിടന്ന യേശുദേവാ

പട്ടിനുള്ള മൂലവസ്തു സൃഷ്ടിചെയ്ത ദൈവമേയി

ക്ളിഷ്ടമാം കിടപ്പുകണ്ടുഞാൻ നമിക്കുന്നേൻ

 

വന്നു മാഗർ നിന്നടുക്കൽ ഭക്തിയോടെ

പൊന്നു മൂരുകുന്തുരുക്കം കാഴ്ചവെച്ചു

ഉന്നതാധികാരമുള്ള മന്നവൻ നീയെന്നതന്യർ

സന്നമിച്ചു ഘോഷിക്കുന്നിതാ നിശ്ശങ്കമായ്

 

പന്തിരണ്ടാം വയസ്സിങ്കലേശുവേ! നീ

തന്തതള്ളയോടൊരുമിച്ചീശഗേഹം

സമ്പ്രതിപതിച്ചവിടെക്കണ്ടശാസ്ത്രിവര്യരോടു

ധർമ്മഭാഷണം നടത്തിയേ മോദിച്ചു നീ

 

മുപ്പതാം വയസ്സിൽ സ്നാനമേൽപ്പതിന്നു

ത്വൽപ്പുരം വെടിഞ്ഞു യൂദ്യതന്നിൽ വന്നു

സ്വൽപ്പവും മടിച്ചിടാതെയൂർദ്ദിനാന്നൊഴുക്കിനുള്ളി

ലൽപ്പരാകും മർത്യരെന്നപോൽ മജ്ജിച്ചൊരു

 

നാൽപ്പതു നാളുപവസിച്ചിടവേ നീ

താൽപ്പരിയത്തോടടുത്തു വൈരിയായോൻ

ദുഷ്ടമാം പ്രലോഭനത്തിനൊന്നുമേ വഴിപ്പെടാതെ

നിഷ്ഠയാലാഘോരവൈരിയെ തോൽപ്പിച്ചൊരു

 

കുഷ്ഠരോഗികൾക്കു നല്ല സൗഖ്യമേകി

ദൃഷ്ടിപോയവർക്കു ഭവാൻ കാഴ്ച നൽകി

നഷ്ടജീവനായ ലാസർ നാലുനാൾ കഴിഞ്ഞുയിർത്തു

പുഷ്ടരായയ്യായിരം ജനം അഞ്ചപ്പത്താൽ

 

ദുഷ്കൃതമാം വിഷബാധ നീക്കുവാനായ്

തക്കയാഗമായ് മരിച്ചു കുരിശിൽ നീ

ഇക്കഠിന പാപിയുടെയക്രമത്തിനുള്ള ശിക്ഷ

നിഷ്കളങ്കം നീ വഹിച്ചതാൽ നമിക്കുന്നേൻ

 

എത്രകാലം ഞാനിവിടെ ജീവിച്ചിടും

അത്രനാളും നിൻകൃപയെ ഞാൻ സ്തുതിക്കും

അത്രിദിവ വാസികൾക്കും ചിത്രമായ നിന്റെ നാമം

ഉത്തരോത്തരം നിനയ്ക്കുവാൻ അരുൾക നീ

 

കാശുപോലും വിലയില്ലാ വിഷയത്തി

ലാശയെനിക്കിയലാതെ യേശുവേ! നിൻ

നാശമേശിടാത്ത ദേശമാശയോടുനോക്കി

വിശുദ്ധാശയത്തോടീശനെ നിന്നിൽ വേശിക്കണം.

Your encouragement is valuable to us

Your stories help make websites like this possible.