സ്തുതിച്ചിടുവതെന്താനന്ദം!
യേശുദേവനെ
സ്തുതിച്ചിടുവതെന്താനന്ദം!
ശ്രീയേശുദേവനെ
സ്തുതിച്ചിടുവതെന്താനന്ദം!
മോദമോടെ നാമേവരും
തിരുപ്പാദം തന്നിലത്യാദരം
വീണു വന്ദനം ചെയ്തുകൊണ്ടു
സന്തോഷ സംഗീതം ചേർന്നുപാടി
കാടുകേറിയൊരാടുപോലെ
ഞാനാടലോടുഴന്നീടവേ
തേടിവന്നെനിക്കെന്നുമാശ്രയം
നേടി മാറിലണച്ച ദേവനെ
ആയിരം പതിനായിരങ്ങളി-
ലാരിലുമതിസുന്ദരൻ
ആയിടുമഖിലാണ്ഡനായക-
നാശ്രിതേശ്വരനേശു ദേവനെ
പെരിയ ഖേദവും പീഡനങ്ങളും
പെരുകി വന്നിടും വേളയിൽ
തിരുച്ചിറകതിന്നുള്ളിലാശ്രയമരുളി
രക്ഷതരുന്ന ദേവനെ
ലോകജാതികളെങ്ങുമേവരു-
മാകെയാകുലരെങ്കിലും
ആശ്രിതർക്കമിതാർത്തിതീർത്തിടു-
മാർത്ത നാഥനാമേശുദേവനെ.