യേശുവേ നിന്റെ രൂപമീ

യേശുവേ നിന്റെ രൂപമീ-

യെന്റെ കണ്ണുകൾക്കെത്ര സൗന്ദര്യം

ശിഷ്യനാകുന്ന എന്നെയും നിന്നെ-

പ്പോലെയാക്കണം മുഴുവൻ

 

സ്നേഹമാം നിന്നെ കണ്ടവൻ

പിന്നെ സ്നേഹിക്കാതെ ജീവിക്കുമോ?

ദഹിപ്പിക്കണം എന്നെ അശേഷം

സ്നേഹം നൽകണം എൻപ്രഭോ!

 

ദീനക്കാരെയും ഹീനന്മാരെയും

ആശ്വസിപ്പിപ്പാൻ വന്നോനേ

ആനന്ദത്തോടു ഞാൻ നിന്നെപ്പോലെ

കാരുണ്യം ചെയ്‌വാൻ നൽകുകേ

 

ദാസനെപ്പോലെ സേവയെ ചെയ്ത

ദൈവത്തിൻ ഏകജാതനേ

വാസം ചെയ്യണം ഈ നിൻ വിനയം

എന്റെ ഉള്ളിലും നാഥനേ

 

പാപികളുടെ വിപരീതത്തെ

എല്ലാം സഹിച്ച കുഞ്ഞാടേ

കോപിപ്പാനല്ല ക്ഷമിപ്പാൻ നല്ല

ശക്തി എനിക്കും നൽകുകേ

 

തന്റെ പിതാവിൻ ഹിതമെപ്പോഴും

മോദമോടുടൻ ചെയ്തോനേ

എന്റെ ഇഷ്ടവും ദൈവഇഷ്ടത്തി-

ന്നനുരൂപമാക്കേണമേ

 

തിരുവെഴുത്തു ശൈശവം തൊട്ടു

സ്നേഹിച്ചാരാഞ്ഞ യേശുവേ

ഗുരു നീ തന്നെ വചനം നന്നേ

ഗ്രഹിപ്പിക്ക നിൻ ശിഷ്യനെ

 

രാത്രി മുഴുവൻ പ്രാർത്ഥിച്ചുണർന്ന

ഭക്തിയുള്ളൊരു യേശുവേ

പ്രാർത്ഥിപ്പാനായും ഉണരാനായും

ശക്തി തരേണം എന്നുമേ

 

ലോകസ്ഥാനങ്ങൾ സാത്താൻ മാനങ്ങൾ

വെറുക്കും ദൈവവീരനേ

ഏകമാം മനം തന്നിട്ടെൻ ധനം

ദൈവം താൻ എന്നോർപ്പിക്കുകേ

 

കൗശലങ്ങളും ഉപായങ്ങളും

പകക്കും സത്യരാജാവേ!

ശിശുവിന്നുള്ള പരമാർത്ഥത

എന്നിലും നിത്യം കാക്കുകേ

 

ഇഹലോകത്തിൻ ചിന്തകൾ ഒട്ടും

ഇല്ലാത്താശ്രിത വൽസലാ!

മഹൽശക്തിയാം നിൻ ദൈവാശ്രയം

കൊണ്ടെന്നുള്ളം ഉറപ്പിക്ക

 

മനുഷ്യരിലും ദൂതന്മാരിലും

അതിസുന്ദരനായോനേ!

അനുദിനം നിൻ ദിവ്യസൗന്ദര്യം

എന്നാമോദമാക്കേണമേ.

Your encouragement is valuable to us

Your stories help make websites like this possible.