ആരുമില്ല നീയൊഴികെ ചാരുവാനൊരാള്‍

"ആരുമില്ല നീയൊഴികെ ചാരുവാനൊരാള്‍"

ഒരിക്കലും വേര്‍പിരിക്കാന്‍ കഴിയാത്ത ബന്ധം, പലരായിരുന്ന നാം ക്രിസ്തുവില്‍ ഒന്നായ് ഒരു ശരീരമായ് തീര്‍ന്നു എന്നതാണ് സഭയോടുള്ള ബന്ധത്തില്‍ ശ്രദ്ധേയമായി കാണുന്നത്. ക്രിസ്തുയേശുവില്‍കൂടെ ലഭ്യമായ ബന്ധം എന്നു പറയുന്നത് ബന്ധങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായ ബന്ധം തന്നെ. ഒരു പിതാവിന്‍റെ മക്കള്‍ എന്നപോലെ ഒരു കുടുംബംപോലെ ജീവിക്കാനാവുന്ന, കരുതുവാനാകുന്ന, സ്നേഹിക്കാനാവുന്ന,സഹിക്കാനാവുന്ന ഇടമാണ് സഭകള്‍. കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവന്‍ കാണാത്ത ദൈവത്തെ എങ്ങനെ സ്നേഹിക്കും എന്ന് ചോദിക്കത്തക്ക വിധത്തില്‍ സ്നേഹത്താല്‍ പരസ്പരം സഹോദരങ്ങള്‍ ബന്ധിക്കെപ്പട്ടിരിക്കയാണ്. ആ വിധത്തിലുള്ള സ്നേഹസാഹോദര്യ ബന്ധത്തിന് എന്തെങ്കിലും തടസ്സങ്ങള്‍ വന്നുപെടുക എന്നത് ആത്മീയ ഹൃദയങ്ങള്‍ക്ക് സഹിക്കാവുന്നതിലും വലുതാണ്. എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ, 'പരസ്പരം വേര്‍പെട്ടിരിക്കാന്‍' ചിലര്‍ ഇഷ്ടപ്പെടുകയും ആയതിനായ് കാരണങ്ങള്‍ കണ്ടെത്തുകയും ചെയ്യുക എന്നത് ചിലരുടെ രസവേദിയായ് മാറിയിരിക്കുകയാണ്. സഭകളുടെ വളര്‍ച്ചയ്ക്ക് ഏറ്റവും വിഘ്നമായ് നിന്നിട്ടുള്ളതും ഈ മനോഭാവമാണ്.

റ്റി.കെ. എസ്സിന്‍റെ (റ്റി.കെ. ശമുവേല്‍) ഇലന്തൂര്‍ സഭയില്‍ നിന്നും വളരെ പ്രിയപ്പെട്ട ചില സഹോദരങ്ങള്‍ ചില കാരണങ്ങളാല്‍ മറ്റൊരു സ്ഥലത്ത് കൂടിവരാന്‍ തീരുമാനം ചെയ്തു. ഈ വാര്‍ത്ത ശമുവേല്‍ സാറിന്‍റെ കാതുകളിലെത്തി. താനാകെ ഭാരപ്പെട്ടു. ക്രിസ്തുവിന്‍റെ ശരീരമായ സഭ വിഭജിക്കപ്പെടുന്നത് തനിക്ക് ചിന്തിക്കാനാകുന്നതിലും അധികമായിരുന്നു. സഹോദരന്മാരോടും സഭയോടുമുള്ള അതീവമായ സ്നേഹത്താലും ആത്മാര്‍ത്ഥതയാലും തന്‍റെ മാനസം നീറി നീറി ഖേദങ്ങളാല്‍ എരിയാനാരംഭിച്ചു. പ്രിയരെന്ന് കരുതുന്ന സഹജരെന്നാലും പ്രിയ ലേശമില്ലാതെയാകും... എന്ന് തനിക്ക് അനുഭവത്തില്‍ കാണാന്‍ കഴിഞ്ഞു. ഗിരികളിലേക്ക് കണ്‍കളുയര്‍ത്തികൊണ്ടു താന്‍ പാടി.

ആരുമില്ല നീയൊഴികെ ചാരുവാനൊരാള്‍ പാരിലെന്‍ പ്രിയാ...

സഭയിലെ ഈ വിഷമ സന്ധിയിലും തിരുമാര്‍വില്‍ ചാരി താന്‍ ആശ്വാസംകൊണ്ടു. സഹോദരന്മാരുടെ സ്നേഹം കുറഞ്ഞുപോയപ്പോഴും പ്രിയന്‍റെ സ്നേഹം കുറയാതെ തുടരുന്നത് തനിക്ക് ധൈര്യമായി. മരുഭൂമിവാസം തരുമൊരു ക്ലേശം ലേശം പോലും അറിയാതെ മരുഭൂവില്‍ പ്രിയനോട് ചാരി വരുന്ന സഭ ഭാഗ്യവതിയായ് തുടരുകയാണ്. ഈ വിധത്തില്‍ എഴുതി തീര്‍ത്ത വരികള്‍ തന്‍റെ മനസ്സിന് മാത്രമല്ല 'നീയൊഴികെ ആരുമില്ലാത്ത' ആയിരങ്ങള്‍ക്ക് ഇന്നും ആശ്വാസമായ് ഭവിച്ചുവരുന്നു.

"ആരുമില്ല നീയൊഴികെ ചാരുവാനൊരാള്‍"