കര്‍ത്തൃകാഹളം യുഗാന്ത്യ കാലത്തില്‍ ധ്വനിക്കുമ്പോള്‍

കര്‍ത്തൃകാഹളം യുഗാന്ത്യ കാലത്തില്‍ ധ്വനിക്കുമ്പോള്‍

അമേരിക്കയില്‍ അനേക വര്‍ഷം മുബ് ജീവിച്ചിരുന്ന യുവജനങ്ങളുടെ ഇടയില്‍ കര്‍ത്താവിനുവേണ്ടി പ്രവര്‍ത്തിച്ച ഒരു ദൈവമനുഷ്യനായിരുന്നു ജയിംസ്. എം. ബ്ലാക്ക്. യംഗ് പീപ്പിള്‍ സൊസൈറ്റിയുടെ പ്രസിഡന്‍റ് ആയി സേവനം അനുഷ്ടികുന്ന കാലം ലോക ഇമ്പങ്ങള്‍ തേടി അലയുന്ന യുവതിയുവാക്കളെ ക്രിസ്തുവിന്‍ സ്നേഹത്തിലേക്ക് നയിക്കുവാന്‍ താന്‍ കഠിനപ്രയ്തനം ചെയ്തിരുന്നു.

ഒരിക്കല്‍ പതിനാലുവയസ്സുമാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി കണ്ടു. കീറിയ വസ്ത്രം ധരിച്ചു,ആഹാരം കഴിക്കാതെ ആരോഗ്യം നഷ്ടപ്പെട്ട ഒരു രൂപം. തകര്‍ന്നുവീഴാറായ ഒരു വീടിന്‍റെ വാതില്‍ക്കല്‍ ഇരിക്കുന്നു. നിസ്സഹായയായി,ആശയറ്റവളായി, ഏറ്റവും ക്ഷീണിതയായി തീര്‍ന്നിരിക്കുന്നു. യുവാവായ ജെ.എം. ബ്ലാക്ക് അവളുടെ അടുക്കലേക്ക് ചെന്നു. താന്‍ നടത്തിയിരുന്ന സണ്‍ഡേ സ്കൂളിലേക്ക് വരുവാന്‍ അവളെ ക്ഷണിച്ചു. അവളുടെ കണ്ണുകള്‍ വിടര്‍ന്നു. ഉദാത്തമായ സ്നേഹത്തിന്‍റെ ആഹ്വാനം അവളില്‍ പ്രതീക്ഷയുണര്‍ത്തി. തുടര്‍ന്നു എല്ലാ ഞായറാഴ്ചകളിലും മുടങ്ങാതെ അവള്‍ ജയിംസിന്‍റെ വേദപഠന ക്ലാസ്സുകളില്‍ പങ്കെടുത്തുകൊണ്ടിരുന്നു.

മാസങ്ങള്‍ കടന്നുപോയി, ഒരു ദിവസം സണ്‍ഡേ സ്കൂളില്‍ ഹാജര്‍ വിളിച്ചപ്പോള്‍ ആ പെണ്‍കുട്ടി ഇല്ലായിരുന്നു. ജയിംസിന്‍റെ ഹൃദയം വേദനിച്ചു. അവള്‍ക്കെന്തു സംഭവിച്ചുവെന്നോര്‍ത്തു അദ്ദേഹം വ്യാകുലപ്പെട്ടു. ഇത് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയത് മറ്റൊരു ചിന്തയിലേക്കാണ്. ദൈവത്തിന്‍റെ കാഹളം ധ്വനിക്കുബോള്‍ ജീവന്‍റെ പുസ്തകത്തില്‍ ഒരു മനുഷ്യന്‍റെ പേര്‍ ഇല്ലാതെവരുന്ന അവസ്ഥ. ഈ ചിന്തകളെ ആധാരമാക്കി ഒരു പാട്ട് അന്ന് വേദപഠനക്ലാസ്സില്‍ കുട്ടികളെ പാടികേള്‍പ്പിക്കുവാന്‍ ആഗ്രഹിച്ചുവെങ്കിലും അത്തരമൊരു പാട്ട് ജയിംസിനു കണ്ടെത്താനായില്ല.

ഈ നിരാശയോടെ വീട്ടിലെത്തിയ അദ്ദേഹം കടലാസും പേനയുമായി തന്‍റെ പിയാനോയുടെ മുന്നിലിരുന്നു. പതിനഞ്ചു മിനിറ്റുകൊണ്ട് ഈ മനോഹര ഗാനത്തിന്‍റെ മൂന്നു ചരണങ്ങളും അദ്ദേഹം അദ്ദേഹം എഴുതിത്തീര്‍ത്തു. അപ്പോള്‍ത്തന്നെ ഇതിന് അദ്ദേഹം ഈണവും നല്കി. “കര്‍ത്തൃകാഹളം യുഗാന്ത്യ കാലത്തില്‍ ധ്വനിക്കുമ്പോള്‍” എന്ന ഗാനത്തിന്‍റെ പിറവിയിങ്ങനെയായിരുന്നു.

നുമോണിയ ബാധിച്ച് കിടപ്പിലായ ജയിംസിന്‍റെ പ്രിയപ്പെട്ട ആ സാധുപെണ്‍കുട്ടി പത്തുദിവസത്തിനുള്ളില്‍ മരണത്തെ സധൈര്യം പുല്കി. അവളുടെ ലഘുജീവിതം, ഒരു ദൈവദാസനിലുടെ, എത്ര മഹത്തരമായ ഒരു കീര്‍ത്തനത്തിന്‍റെ പിറവിക്കാണ് നിദാനമായിത്തീര്‍ന്നത്.