നിന്നോടെന്‍ ദൈവമേ ഞാന്‍ ചേരട്ടെ
“നിന്നോടെന്‍ ദൈവമേ ഞാന്‍ ചേരട്ടെ” എന്ന ഹൃദയ സ്പര്‍ശിനിയായ ഗാനം എഴുതിയ സാറാഫ്ളവര്‍ ആഡംസ്, 1805-ല്‍ ഇംഗ്ലണ്ടിലെ ഹാര്‍ലേവില്‍ ജനിച്ചു. അഭിനയം, സാഹിത്യപ്രവര്‍ത്തനം എന്നിവ അവരുടെ ഇഷ്ടവിഷയങ്ങള്‍ ആയിരുന്നു. ഇംഗ്ലണ്ടിലെ നാടകവേദികളില്‍ സ്ഥിരമായി ലേഡി മാക്ബത്തിന്‍റെ വേഷമണിഞ്ഞു അവര്‍ തന്റെ അഭിനയ മികവ് തെളിയിച്ചു. പിന്നീട് സാറാ തന്‍റെ ശ്രദ്ധ ഗാനരചനയിലേക്കു തിരിച്ചു.
ഒരിക്കല്‍ അവളുടെ പട്ടക്കാരനായിരുന്ന ജോണ്‍സണ്‍ ഫോക്സ് ഉല്പത്തിപ്പുസ്തകത്തിലെ യാക്കോബിന്‍റെ സ്വപ്നത്തെ ആധാരമാക്കി ചെയ്യാനിരുന്ന പ്രസംഗത്തിന്റെ അവസാന ഭാഗത്ത് പാടേണ്ടതിനായി ഒരു ഗാനമെഴുതാന്‍ സാറയോട് ആവശ്യപ്പെട്ടു.
ഹാരാനിലേക്കുള്ള യാക്കോബിന്‍റെ യാത്രയില്‍ സൂര്യന്‍ അസ്തമിച്ചതും, കല്ല് തലയിണയാക്കി ഉറങ്ങിയതും, സ്വപ്നത്തില്‍ കോവണിയിലൂടെ ദൂതന്മാര്‍ കയറുകയും ഇറങ്ങുകയും ചെയ്തതും, ആ സ്ഥലത്തിന് യാക്കോബ് ബഥേല്‍ എന്നു പേര്‍ വിളിച്ചതുമെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് സാറാ ആഡംസ് എഴുതിയ ഗാനമാണ് “നിന്നോടെന്‍ ദൈവമേ ഞാന്‍ ചേരട്ടെ” എന്നത്.