ആയുസ്സെന്തുള്ളു? നമുക്കിങ്ങായുസ്സെന്തുള്ളു?

ആയുസ്സെന്തുള്ളു? നമുക്കിങ്ങായുസ്സെന്തുള്ളു?

 

ശോകമൂലഗാത്രം പല രോഗബീജങ്ങൾക്കു പാത്രം ഇതിൽ

ജീവൻ നിൽപൊരു സൂത്രം നിനച്ചീടുകിലെത്രയോ ചിത്രം!

 

നാലു വിരലതിൻ നീളം കഥപോലെ കഴിയുമീ മേളം ഉടൽ

ദീനതയാണ്ടൊരുനാളം അണുജീവികൾ പാർക്കുവാൻ മാളം

 

നാടകത്തിൻ നടൻപോലെ മരുവിടുമീ മാനുജർ ചാലേ നിജ

വേഷമൊഴിഞ്ഞിടും മേലേമൃതി വേഗമണയുന്ന കാലേ

 

ഭാര്യമക്കൾക്കന്തുനേട്ടം ധനവീര്യമൊടുക്കുവാൻ നാട്ടം കൈയി

ലുള്ള കാലത്തു കൊണ്ടാട്ടം പണമില്ലാതെയാകുമ്പൊഴോട്ടം

 

ബന്ധുമിത്രങ്ങളാൽ പൊന്തുവതേനന്ത കാലത്തവർ നൊന്തു മനം

വെന്തിഹ കണ്ണുനീർ ചിന്തുമതിനന്തരമില്ലിതിലെന്ത്?

 

ഇന്നു ഭരിച്ചിടും രാജ്യം നാളെയേന്തിടും കൈകളിൽ ഭോജ്യം ഇര

ന്നീടുവാൻ പാത്രമന്നാജ്യം കണികാണ്മാനുമില്ലതി ശോച്യം

 

മാളികമുകളിൽ കാണാമരശേറിയിരിപ്പോരെയീ നാളവർ

നാളെ വെറും നിലത്താണു കിടന്നിടുവതെത്രയും കേണു