അൻപോടെ യേശു വിളിക്കുന്നു നിന്നെ

അൻപോടെ യേശു വിളിക്കുന്നു നിന്നെ

എന്നെയും നിന്നെയും താൻ വിളിപ്പൂ

ശ്രീയേശു രക്ഷകൻ ദീർഘക്ഷമയോടെ

എന്നെയും നിന്നെയും കാത്തിരിപ്പൂ

 

പാപത്തിൽ മോദിക്കും മത്സനേഹിതാ!

നീ പാപത്തെ വിട്ടുടനോടി വരൂ

സ്നേഹമോടീശൻ വിളിക്കുന്നു നിന്നെ

പാപീ! നീ ഓടിവാ! തന്നന്തികേ

 

ക്രൂശിലൊഴുകുന്ന ചെന്നിണം കാൺക

പൊന്മുഖം വാടിത്തളരുന്നല്ലോ

നിൻപാപമേശു വഹിച്ചില്ലയെങ്കിൽ

എന്തിന്നവനീവിധം മരിച്ചു?

 

യെശുവേ കർത്താവെന്നേറ്റു നീ

ചൊൽക വിശ്വസിച്ചിടുകന്നുയിർപ്പിൽ

താഴ്മയോടീവിധമേറ്റു നീ ചൊന്നാൽ

തൽക്ഷണം ദൈവകുമാരനാകും

 

യേശു നിനക്കായി കാത്തിരിക്കുന്നു

വേഗമവൻ ചാരേ വന്നിടുക

നിൻപാപമെല്ലാമവൻ പാദേയർപ്പിച്ച്

മോചിതനായി നീയാനന്ദിക്ക