ദൈവമേ നിനക്കു സ്തോത്രം പാടിടും

ദൈവമേ നിനക്കു സ്തോത്രം പാടിടും

ഒരായിരം സ്തുതികൾ ഞാൻ കരേറ്റിടും

സന്താപകാലത്തും സന്തോഷകാലത്തും

എപ്പോഴും എന്റെ നാവു നിന്നെ വാഴ്ത്തുമേ

 

നിന്നെയറിഞ്ഞിടാതെ പോയ പാതയിൽ

നീയെന്നെ തേടിവന്ന സ്നേഹമോർക്കുമ്പോൾ

എൻനാവതെങ്ങനെ മിണ്ടാതിരുന്നിടും

സ്തോത്രയാഗമെന്നുമർപ്പിച്ചിടും ഞാൻ

 

എന്നെയനുദിനം നയിച്ചിടേണമേ

വീഴാതെയന്നു നിന്നടുക്കലെത്തിടാൻ

ആലംബമായിടും ആത്മാവെ തന്നതാൽ

സ്തോത്രയാഗമെന്നുമർപ്പിച്ചിടും ഞാൻ

 

പാപച്ചെളിയിൽ നിന്നു വീണ്ടെടുത്തെന്നെ

പാറയാം ക്രിസ്തനിൽ സ്ഥിരപ്പെടുത്തി നീ

എൻ നാവിൽ തന്നു നീ നവ്യസങ്കീർത്തനം

സ്തോത്രയാഗമെന്നുമർപ്പിച്ചിടും ഞാൻ

 

എൻ കണ്ണുനീരെല്ലാം തുടച്ചിടുന്നു നീ

കൺമണിപോലെ നിത്യം കാത്തിടുന്നെന്നെ

വൻ കൃപയോർക്കുമ്പോൾ എന്നുള്ളം തുള്ളുന്നേ

സ്തോത്രയാഗമെന്നുമർപ്പിച്ചിടും ഞാൻ