ദൈവസ്നേഹമേ ദൈവസ്നേഹമേ

ദൈവസ്നേഹമേ ദൈവസ്നേഹമേ

അതിനുള്ളകലമുയരമാഴമപ്രമേയമേ

 

പാപക്കുഴിയിലാണ്ടു പോയ നരനു മോചനം

പ്രാപിപ്പതിനിതിന്റെയാഴമാണു കാരണം

 

അനുസരിച്ചിടാതെയാജ്ഞയവഗണിച്ചതാം

മനുജനോടു കരുണ കാണിച്ചതിനു കാരണം

 

കുരിശിലേക ജാതനെ തകർത്തു വൈരികൾ

ക്കനിശവും വിമോചനം വരുത്തിവയ്ക്കയോ

 

അഴുകിനാറും ശവസമാനരായ പാപികൾ

ക്കഴകു നൽകിയഴിവില്ലാത്ത സ്ഥിതിയിലാക്കിടും

 

സ്വർഗ്ഗമതിലുള്ളനുഗ്രഹങ്ങളാഗ്രഹിക്കുവാൻ

യോഗ്യരല്ലയെങ്കിലും നരർക്കതേകിയ

 

അരിഗണത്തെയരികണച്ചു സുതജനങ്ങളായ്

പരിഗണിച്ചു പരിചരിക്കു മകമഴിഞ്ഞതാം.