ദേവേശാ! യേശുപരാ

ദേവേശാ! യേശുപരാ! ജീവനെനിക്കായ് വെടിഞ്ഞോ!

ജീവനറ്റ പാപികൾക്കു നിത്യജീവൻ

കൊടുപ്പാനായ് നീ മരിച്ചോ!

 

ഗതസമന പൂവനത്തിൽ അധികഭാരം വഹിച്ചതിനാൽ

അതിവ്യഥയിൽ ആയിട്ടും താതനിഷ്ടം നടപ്പതിന്നനുസരിച്ചു

 

അന്നാസിൻ അരമനയിൽ മന്നവാ! നീ വിധിക്കപ്പെട്ടു

കന്നങ്ങളിൽ കരങ്ങൾകൊണ്ടുമന്നാ

നിന്നെ അടിച്ചവർ പരിഹസിച്ചു

 

പീലാത്തോസെന്നവനും വിലമതിച്ചു കുരിശേൽപ്പിച്ചു

തലയിൽ മുള്ളാൽ മുടിയും വച്ചു

പലർ പല പാടുകൾ ചെയ്തു നിന്നെ

 

ബലഹീനനായ നിന്നെ വലിയ കൊലമരം ചുമത്തി

തലയോടിട മലമുകളിൽ അലിവില്ലാതയ്യോ

യൂദർ നടത്തി നിന്നെ

 

തിരുക്കരങ്ങൾ ആണികൊണ്ടു മരത്തോടു ചേർത്തടിച്ചു

ഇരുവശവും കുരിശുകളിൽ ഇരുകള്ളർ

നടുവിൽ നീ മരിച്ചോ പരാ!

 

കഠിനദാഹം പിടിച്ചതിനാൽ കാടിവാങ്ങാനിടയായോ

ഉടുപ്പുകൂടി ചിട്ടിയിട്ടു ഉടമ്പും

കുത്തിത്തുറന്നോ രുധിരം ചിന്തി

 

നിൻമരണം കൊണ്ടെന്റെ വൻനരകം നീയകറ്റി

നിൻമഹത്വം തേടിയിനി എൻകാലം

കഴിപ്പാൻ കൃപചെയ്യണമേ.

Your encouragement is valuable to us

Your stories help make websites like this possible.