മാനവർക്കു രക്ഷ നൽകാൻ

മാനവർക്കു രക്ഷ നൽകാൻ സ്വർഗ്ഗലോകം

വിട്ട

വാനവനേ! യേശുനാഥാ! നമസ്കാരം

 

ദീനരിൽ കനിവു നിന്നെപ്പോലെയാർക്കും

കാണ്മാ-

നാവതല്ലേ മൂവുലകു തേടിയാലും

 

സത്യപാതയെന്തെന്നറിയാതെ നിന്റെ

പല

പുത്രരയ്യോ! മരുഭൂവിലുഴലുന്നു

 

നിത്യകൈകൾ കൊണ്ടവരെ താങ്ങി ദൈവ

ലോക

മെത്തുവോളം നടത്തുക നസ്രിനാഥാ!

 

അന്ധകാരം ചുഴന്നൊരീ ഭൂവനത്തിൽ

നിന്റെ

ബന്ധുരമൊഴിയാലൊളിവീശുമല്ലോ

 

ക്ഷീണരാകുമടിയങ്ങൾ ശക്തരാകുവാൻ

സ്വർഗ്ഗ

ഭോജനമരുൾക ദേവാ ദിനം തോറും

 

നിൻതിരുമുഖത്തിൻ കാന്തി തെളിയിക്ക

ഞങ്ങൾ

ക്കന്തരംഗം കുളിർക്കുവാൻ തക്കവണ്ണം

 

സ്വാദെഴുന്ന പാലിനോടു പടയേൽക്കും

തവ

ഗീരുകൾ കേൾപ്പതിന്നാശ വളരുന്നു

 

ശ്രദ്ധയോടു നിൻമൊഴികൾ കേട്ടു ഞങ്ങൾ

നിന്നിൽ

ശക്തിയുക്തരാകുവതിന്നരുളേണം

 

ഉള്ളിലേറ്റമനൽതട്ടി ജഡശൈത്യം

നീങ്ങാൻ

വല്ലഭനേ! ചൊരിക നിൻ ആത്മികാഗ്നി.