നിത്യാനന്ദ ദൈവമേ!

നിത്യാനന്ദ ദൈവമേ! നിൻപൊൽകൂടാരം രമ്യമേ

യാഹ്വയിൻ പ്രാകാരത്തെ വാഞ്ഛിച്ചു മൂർച്ഛിക്കുന്നേ

നെന്മനം ദേഹവും ജീവന്നുറവയാം ദൈവത്തെ നോക്കി

പ്രഘോഷിച്ചിടുന്നിതാ

 

വീടൊന്നു കുരികിലും കൂടൊന്നിതാ മീവലും

തേടിപ്പരം നേടിനാരവ്വണ്ണമിസ്സാധുവും

എന്നുടെ ഭൂപതിയും ദൈവവുമായവനേ!

നിൻ മന്ദിരത്തിലെ യാഗപീഠത്തെ ഞാനിന്നു

കണ്ടെത്തിനേൻ ഭാഗ്യപ്പെരുമയാൽ

 

സർവ്വേശാ! നിൻ മന്ദിരവാസികളാം സർവ്വരും

നിർവ്വേദമില്ലാതൊരു ധന്യാത്മാക്കളാണഹോ!

നിന്നെ മനോഹരമാം വാണികളാലവരും

വർണ്ണിച്ചു വാഴ്ത്തി സ്തുതിക്കും ബലം

നിന്നിലുള്ള മനുഷ്യനോ ഭാഗ്യവാൻ ഭാഗ്യവാൻ

 

ഇദ്ധന്യരിന്നുള്ളത്തിൽ സ്വർപ്പുരത്തിൻ പാതകൾ

വ്യക്തമായിട്ടുള്ളതാൽ തെറ്റില്ലവർ മാർഗ്ഗത്തിൽ

കണ്ണുനീർ താഴ്വരയിലായവർ സഞ്ചരിക്കേ

താഴ്വരയശ്രുവാൽ നീർക്കുളമാകിലും

മുന്മഴയാലതു സന്തോഷപൂർണ്ണമാം

 

ശക്തിപ്പെടുമീ വനസഞ്ചാരികൾ മേൽക്കുമേൽ

ആരും നശിക്കാതവർ ചെന്നിടുമേ ദൈവമുൻ

സൈന്യാധിപൻ യഹോവേ! കേൾക്കുക പ്രാർത്ഥനയെ

യിസ്രായേലിൻ പരാ! യാചന കേട്ടെനി

ക്കുത്തരമേകണമുൾക്കനിവോടു നീ

 

ഞങ്ങൾക്കു ഫലകമേ! നോക്കുക നീ ഞങ്ങളെ

നിന്നഭിഷിക്തർ മുഖം നാഥാ! കടാക്ഷിക്കുക

നിന്നുടെ പ്രാകാരത്തിൽ പാർക്കുന്നോരേകദിന

മന്യമാമായിരം വാസരത്തിൽ ബഹു

മാന്യമായിത്തവ ദാസൻ ഗണിക്കുന്നു

 

ദുഷ്ടസദനങ്ങളിൽ പാർപ്പതെക്കാൾ നിന്നുടെ

ശിഷ്ടനിവാസത്തിലെ ദ്വാസ്ഥത കൈക്കൊൾവതു

ഇഷ്ടമാണീയെനിക്കു യാഹ്വയാം ദേവൻ മമ

ശത്രുവിന്നസ്ത്രം തടുക്കുന്ന ഖേടവും

മിത്രമായുള്ളൊരു മിത്രനുമാണഹോ

 

ദേവൻ കൃപ നൽകുന്നു ദേവൻ ദ്യുതിയേകുന്നു

നേരുള്ളവർക്കെന്നുമേ നന്മ മുടക്കില്ലവൻ

സൈന്യങ്ങളിൻ യഹോവേ! ധന്യരാം നിൻ ഭൃതകർ

വന്ദിതനാം ത്രിയേകന്നു നിത്യം മഹി

മോന്നതിയുണ്ടായ് വരട്ടെ നിരന്തരം.

Your encouragement is valuable to us

Your stories help make websites like this possible.