രക്ഷ തരുന്നൊരു ദൈവത്തിൻ കൈകൾ
നിർദ്ദയെന്ന വിധം തോന്നും
ശിക്ഷണമായവൻ ചെയ്തിടുമ്പോൾ
ബഹുകർക്കശമായ് വിളങ്ങും
ഭീരുതയാൽ പരിശോധനയിനിമേൽ
വേണ്ടയെന്നോതിടും നാം എന്നാൽ
പാരിന്നധീശ്വരൻ കാരുണ്യവനെന്നു
കണ്ടിടും നാമൊടുവിൽ
സഹ്യമല്ലൊട്ടുമേ വേദനയെന്നിഹ
കല്ലുകൾ ചൊല്ലുകിലുംഅവ
മന്ദിരത്തിൻ പണിക്കൊത്തിടുവാനതു
ചെത്തുന്നു ശിൽപ്പിവരൻ
രൂപമില്ലാ വെറും കല്ലിതു മന്ദിരേ
യുക്തവും ചന്തവുമായ് ചേർന്നു
നിത്യയുഗം നിലനിൽക്കുവാനീ വിധം
ചെത്തുന്നു ശിൽപ്പിവരൻ
കാൽകളിൻ കീഴ്മെതിയുണ്ടുകിടന്നിടും
കറ്റയാം തന്റെ ജനം പീഡാ
കാലമതിൽ കനകാഭ കലർന്നിടും
നന്മണികൾ തരുമേ
മർദ്ദനമേൽക്കവേ ശോഭയെഴും രസം
മുന്തിരി നൽകിടുമേദൈവം
മർത്യനാമെന്നുടെയോഹരിയാകുകിൽ
സത്ഫലമേയെനിക്കു
ഏഴുമടങ്ങെഴും ചൂളയിലാകിലോ
കീടമെല്ലാമുരുകി ശുദ്ധ
പൊന്നുപൊലാകും ഞാൻ ദൈവമേ നിൻവിധി
ന്യായവും സത്യവുമേ.