വന്നിടേണം യേശുനാഥാ!

വന്നിടേണം യേശുനാഥാ! ഇന്നീയോഗമദ്ധ്യേ നീ

തന്നരുൾക നിൻ വരങ്ങൾ നിൻസ്തുതി കൊണ്ടാടുവാൻ

 

മന്നിടത്തിൽ വന്ന നാഥാ! പൊന്നു തിരുമേനിയേ!

നന്ദിയോടിതാ നിൻ ദാസർ വന്നു നിന്നെ കുമ്പിടാൻ

 

ആണിയേറ്റ പാടുകളെ കാണിച്ചിന്നീ ദാസരെ

നാണിക്കാത്ത സാക്ഷികളായ് തീർക്കണം എന്നേശുവേ

 

താതനാമെൻ ദൈവമേ ശ്രീയേശുനാമം മൂലമേ

തന്നിടേണമാത്മദാനം പ്രാർത്ഥന ചെയ്തീടുവാൻ

 

വൈരിയാം ജഡം പിശാചു ലോകമെന്നിവയിതാ

ഘോരസേനയോടു വന്നു പോരിനായ് മുതിർന്നഹോ

 

ഇത്ര വല്യസേനയോടെ തീർപ്പതിനു ഞങ്ങളിൽ

ത്രാണിയേതുമില്ലാ കർത്താ പാദത്തിൽ വീണിടുന്നേൻ

 

വിക്കനാകും മോശയെ നീ വാക്കിലേറ്റം ധീരനായ്

ആക്കിയല്ലോ നിൻകൃപാ വരങ്ങളാലെൻ ദൈവമേ

 

ആടുകൾക്കിടയനേ നിൻ പൊന്നുനാദം കേട്ടിതാ

നാടുവിട്ടു വീടുവിട്ടു കൂട്ടം വിട്ടിറങ്ങിയേ

 

ഇസ്രയേലിൻ ഗോത്രങ്ങൾക്കു മുൻനടന്ന മേഘമേ

ഇന്നീ ദാസർ മുൻനടന്നു കാട്ടിടേണമേ വഴി

 

ഹല്ലേലുയ്യ യേശുവിനും താതനാത്മനെന്നുമേ

ഹല്ലേലുയ്യാ നിത്യകാലം നിത്യഗാനം പാടും ഞാൻ