യേശു മഹേശാ, നിൻ സന്നിധിയിൽ

യേശു മഹേശാ, നിൻ സന്നിധിയിൽ ഞങ്ങൾ

ആശയോടെ ഇതാ വന്നിടുന്നേ ദയ

ലേശമുദിക്കുവാൻ കൈ തൊഴുന്നേ

 

ക്ഷീണരായുള്ളോരി ഞങ്ങൾ തന്നുള്ളത്തിൻ

ദീനതയത്രയും തീർത്തിടണേ എല്ലാ

ന്യൂനതയും നീക്കി കാത്തിടണേ

 

കൂരിരുൾ ശുദ്ധ വെളിച്ചമായ് മാറ്റുന്ന

വേറൊരു ശക്തിമാൻ ഭൂവിലുണ്ടോ ഇത്ര

കൂറുള്ള നായകൻ വാനിലുണ്ടോ

 

തീയിനെപ്പോലും തണുപ്പിക്കും തൃക്കരം

ഈയടിയാർ മേൽ നീ വയ്ക്കണമേ നിന്റെ

കായപ്രദർശനം നൽകേണമേ

 

നിൻമൊഴി കേൾപ്പാൻ കൊതിക്കുന്നു

കർണ്ണങ്ങൾ

നന്മയെനിക്കതാലുണ്ടായ് വരും

സർവ്വതിന്മയും നീങ്ങി സുഖമുയരും

 

വന്നിടണേ യേശു മന്നവനേ, ഞങ്ങൾ

നന്നായുണർന്നു തെളിഞ്ഞിടുവാൻസഭ

യൊന്നായി വാനിലുയർന്നിടുവാൻ.