എനിക്ക് പാട്ടും പ്രശംസയും ദൈവകുഞ്ഞാടും തൻ കുരിശും

This is my story, this is my song Praising my saviour all the day long."

ആറാമത്തെ വയസ്സിൽ കണ്ണിനു രോഗം ബാധിച്ചതിനെ തുടർന്ന് കാഴ്ച നഷ്ടപെട്ട ഫാനി ക്രോസ്ബി എന്ന അമേരിക്കൻ വനിതയാണ് ഈ ഗാനം രചിച്ചത്. അന്ന് മുതൽ 95-മത്തെ വയസ്സിൽ മരിക്കുന്നത് വരെ തനിക്ക് കണ്ണിനു കാഴ്ചശക്തി തിരികെ ലഭിച്ചില്ല.

ദൈവം എന്തുകൊണ്ട് കാഴ്ച ശക്തി തന്നില്ല എന്നുള്ള ഒരു വ്യക്തിയുടെ ചോദ്യത്തിനുള്ള മറുപടിയായി ഫാനി ക്രോസ്ബി എന്ന അമേരിക്കൻ വനിത ഇപ്രകാരം പറഞ്ഞു. "പിറന്നു വീഴും മുൻപ് എങ്ങനെ പിറക്കണം എന്ന് എന്റെ സൃഷ്ടാവ് എന്നോട് ചോദിച്ചിരുന്നു എങ്കിൽ കണ്ണിനു കാഴ്ച ഇല്ലാത്തവളായി തന്നെ ജനിക്കണം എന്ന് ഞാൻ പറയുമായിരുന്നു. കാരണം, ലോകത്തിൽ താൽകാലികമായി സ്നേഹിക്കുന്നവരെ കാണുന്നതിനു മുൻപ് നിത്യമായി സ്നേഹിക്കുന്ന യേശുവിനെ കാണാൻ കഴിയുമല്ലോ."

ഈ പ്രത്യാശ ആയിരുന്നു അവരെ അന്ത്യം വരെ നടത്തിയത്. ലോകം നിർഭാഗ്യം എന്ന് പറഞ്ഞപ്പോൾ ആത്മനയനങ്ങളാൽ സ്വർഗ്ഗം ദർശിച്ച ഫാനിക്ക് സ്നേഹബന്ധങ്ങൾ അറ്റുപോയപ്പോളും കുലുക്കം ഇല്ലായിരുന്നു, ക്രൂശിലെ മരണത്തോളം തന്നെ സ്നേഹിച്ച അരുമനാഥൻ നിത്യതയോളം സ്നേഹിക്കും എന്ന് പറഞ്ഞു കൊണ്ട് ആ യുവതി ഇങ്ങനെ പാടി.

"യേശു എൻ സ്വന്തം ഹാല്ലേലുയ്യ -
ഈ സ്നേഹ ബന്ധം നിൽക്കും സദാ
മരണത്തോളം സ്നേഹിച്ചു താൻ
നിത്യതയോളം സ്നേഹിക്കും താൻ"

കുഞ്ഞാടിന്റെ രക്തത്താൽ വിലയ്ക്ക് വാങ്ങപെട്ടവർ കർത്താവിന്റെ സമ്പത്ത് ആണെന്ന് അറിഞ്ഞു തന്നെ പൂർണ്ണമായി സമർപ്പിച്ചു കൊണ്ട് വീണ്ടും ഇങ്ങനെ പാടി .

"യേശുവെൻ സ്വന്തം ഹല്ലെലുയ്യ -
ഞാൻ നിൻ സമ്പാദ്യം എൻ രക്ഷകാ
നീയെൻ കർത്താവും സ്നേഹിതനും
ആത്മഭർത്താവും സകലവും"

8000 യിരത്തിൽ അധികം ഗാനങ്ങൾ എഴുതിയ ഫാനി ഇങ്ങനെ എഴുതി - എനിക്ക് പ്രശംസിപ്പാൻ ഒന്നും ഇല്ല. അവര്‍ പാടി, "എനിക്ക് പാട്ടും പ്രശംസയും ദൈവകുഞ്ഞാടും തൻ കുരിശും". ജീവിതാവസാനം വരെ പ്രത്യാശയോടെ ജീവിച്ച അവർ അന്യൻ അല്ല, സ്വന്ത കണ്ണുകൊണ്ട് തന്നെ അരുമനാഥന്റെ മുഖം ദർശിക്കുവാൻ, തുമ്പങ്ങൾ ഇല്ലാത്ത ലോകത്തേക്ക് യാത്രയായി. 1915 ൽ അവർ മരിച്ചു എങ്കിലും ഇംഗ്ലീഷില്‍ എഴുതിയ ഈ ഗാനം ഭാഷകളും, വംശങ്ങളും, ഗോത്രങ്ങളും, രാജ്യങ്ങളും വെത്യാസമില്ലാതെ ആയിരമായിരങ്ങൾക്ക് പ്രത്യാശ നൽകി കൊണ്ട് ഇന്നും ജീവിക്കുന്നു. നിത്യതയോളം സ്നേഹിക്കും നാഥനെ ഹൃത്തിലേറ്റി നമ്മുക്കും പാടാം "എനിക്ക് പാട്ടും പ്രശംസയും, ദൈവകുഞ്ഞാടും തൻ കുരിശും".