ഇതുപോൽ നല്ലൊരു രക്ഷകൻ

 

ഇതുപോൽ നല്ലൊരു രക്ഷകൻ

ശ്രീയേശുവല്ലാതില്ല മന്നിലും വിണ്ണിലുമേ

 

പാപികളാകും മാനവർക്കായ്

പരലോകം വിട്ടു ധരയിൽ വന്നു

പരിശുദ്ധൻ ക്രൂശിൽ നിണം ചൊരിഞ്ഞു

പാപിക്കു മോക്ഷത്തിൻ വഴി തുറന്നു

 

മരണത്തിൻ ഭീതി പൂണ്ടിനിയും

ശരണമറ്റാരും വലഞ്ഞിടാതെ

മരണം സഹിച്ചു ജയം വരിച്ച

പരമരക്ഷകനിലാശ്രയിക്ക

 

സത്യമായ് തന്നിൽ വിശ്വസിച്ചാൽ

നിത്യശിക്ഷാവിധി നീങ്ങിടുമേ

രക്ഷകനെയിന്നു തിരസ്കരിച്ചാൽ

രക്ഷയ്ക്കായ് വേറില്ല വഴിയുലകിൽ

 

മുൾമൂടി നൽകി നിന്ദിച്ചയീ

മന്നിതിൽ മന്നനായ് വന്നിടുമേ

പൊന്മുടി ചൂടി വന്ദിതനായ്

മന്നിടം നന്നായ് ഭരിച്ചിടും താൻ